Tuesday, February 5, 2013

എന്‍റെ കുട്ടിക്കാലം - 5

എന്‍റെ ആദ്യത്തെ നഷ്ടം !!!


 ഇന്ന് എന്തോ പരതുന്നതിനിടയില്‍ അമ്മ വിളിച്ചു ചോദിച്ചു. "എന്തിനാട  ഈ പെട്ടി എടുത്ത് വച്ചേക്കണേ ? ഇത് എത്ര കാലായി, ഇനി ഇത് ഉപയോഗികാനോന്നും പറ്റില്ല്യ, ഇത് ഞാന്‍ കളയട്ടെ ?"

ഹാ!! അങ്ങനെ കളയാന്‍പാടുവോ ?

അച്ഛന്‍ ബാംഗളൂരില്‍ സെന്‍ട്രല്‍ ഗവര്‍ണ്‍മെന്‍റ്  ഉദ്യോഗസ്ഥനായിരുന്നു. ലീവിന് അച്ഛന്‍ നാട്ടിലേക്ക് വരുനുണ്ട് എന്ന് അറിഞ്ഞാല്‍ അന്നൊരു ആഘോഷമാണ് മനസ്സില്‍. നടന്നു നടന്നു ഒറ്റയടിപ്പാതയായ കിഴക്കേ കുന്നിന്‍റെ നെഞ്ചിലൂടെ, മുന്നിലെ പച്ചില ചെടികളെ വകഞ്ഞു മാറ്റി,വേഗത്തില്‍, കൈ വീശി  അച്ഛന്‍ കടന്നു വരുന്ന കാഴ്ചയിലെല്ലാം എന്‍റെ കണ്ണുകള്‍ ആദ്യം സ്വീകരിക്കുന്നത് അച്ഛന്‍റെ കയ്യിലെ ആ ചുവന്ന നിറമുള്ള തുകല്‍ പെട്ടിയാണ്.

    ഇന്ന് ആ പെട്ടി എന്‍റെ പഴയകാല ഓര്‍മ്മകളുടെ തുണ്ട് കടലാസ്സുകള്‍, എന്‍റെ വിലപിടിച്ച ബാല്യത്തിന്‍റെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചു വയ്ക്കുന്ന നിധിപേടകമാണ്. അതില്‍ ഞാന്‍ കൊച്ചിലെ കുത്തി കുറിച്ച കവിതകള്‍ ഉണ്ട്, കഥകള്‍ ഉണ്ട്, അസംഖ്യം ചിത്രങ്ങള്‍ ഉണ്ട്, അവയിലെ പഴമയുടെ  ഗന്ധത്തില്‍ എന്‍റെ നൂറായിരം ഓര്‍മ്മകളുണ്ട്.

"അതങ്ങനെ കളയാന്‍ പറ്റില്ല, അവിടിരിക്കട്ടെ, എനിക്ക് വേണ്ടാ എന്ന് തോന്നുമ്പോള്‍ ഞാന്‍ തന്നെ എടുത്തു കളഞ്ഞോളാം",  അമ്മ അത് അങ്ങനെ ഉപേക്ഷിച്ചിട്ട്  പോയി ഭാഗ്യം!!

നാല്‍പത്തിയഞ്ച്‌ വര്‍ഷം മുന്‍പ് മരിച്ചു പോയ മുത്തച്ചന്‍ ഉപയോഗിച്ചിരുന്ന മറ്റൊരു മരപ്പെട്ടി ഉണ്ട്. ഒരു കൊച്ചു പെട്ടി, അത് എനിക്ക് കിട്ടുമ്പോള്‍ അതിന്‍റെ ഉള്ളില്‍ കൈപത്തിയെക്കാള്‍ ചെറുതായ മറ്റൊരു പെട്ടി കൂടി ഉണ്ടായിരുന്നു.  അന്ന് ഉത്സവ പറമ്പുകളില്‍ നിന്ന് വാങ്ങിയതും  അല്ലാത്തതുമായ  എല്ലാ കളിപ്പാട്ടങ്ങളും ഭദ്രമായി, ഈ മരപ്പെട്ടിക്കകത്ത് ഇരിക്കുന്നു, ഇന്നും കളിക്കാന്‍ തയ്യാറെന്ന പോലെ. കൂടെ, എന്നോ ഞാന്‍ ഉണ്ടാക്കി, കേടുവരാതിരിക്കാന്‍ എടുത്തു വച്ച ഒരു ഉണങ്ങിയ ഓലപന്തും, രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹിത തന്ന ശ്രീരാമന്‍റെ  കുടുംബ ചിത്രമുള്ള ഒരു കൊച്ചു ഇരുമ്പ്  പാത്രവും...

അങ്ങനെ ഒരുനാള്‍, അച്ഛന്‍ വന്നു. കയ്യില്‍ ആ ചുവന്ന തുകല്‍ പെട്ടിയും ഉണ്ട്, പതിവിലും വിപരീതമായി അതില്‍ നിറയെ കടലാസുകള്‍ ആണ് ഇക്കുറി കണ്ടത്. എല്ലാവരും വളരെ ആവേശ ഭരിതരാണ്. വേറെ ആരൊക്കെയോ വരുന്നു, പോവുന്നു.എല്ലാവരും സന്തോഷത്തില്‍ ആണ്. എന്‍റെയുള്ളില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോവുന്നു എന്ന തോന്നല്‍, ഒന്നും മനസ്സിലായില്ലെങ്കിലും ഞാനും ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

 വിശാലമായ മുറ്റത്തിലെ തണല്‍ പരത്തിയ മരങ്ങള്‍ പലതും മുറിച്ചു മാറ്റപ്പെടുന്നു,  ഒടുക്കം മൂന്നു മാവിന്‍റെയും ഒരു പ്ലാവിന്‍റെയും നാല് തെങ്ങിന്‍റെയും നടുവിലായി ഞങ്ങളുടെ പുതിയ വീടിനു തറക്കല്ലിട്ടു, (ഇന്ന് ഈ പറഞ്ഞ മരങ്ങളില്‍ ഒരു തെങ്ങ് മാത്രമേ അവശേഷിക്കുന്നുള്ളൂ,)

അങ്ങനെ കവുങ്ങിന്‍ തോട്ടത്തിനു നടുവില്‍ ഒരു പുതിയ വീട് ഉയര്‍ന്നു വന്നു. സന്തോഷം കൊണ്ട് എനിക്ക് സ്കൂളില്‍ പോവാന്‍ പോലും തോന്നുനില്ല, ഞാന്‍ അന്ന് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഏകദേശം പണി കഴിഞ്ഞപ്പോള്‍ സാധനങ്ങള്‍ ഒക്കെ ആ വീട്ടിലേക്ക് മാറ്റാന്‍ തുടങ്ങി. എന്നോട് എന്‍റെ പ്രധാനപ്പെട്ട സാധനങ്ങളെല്ലാം എടുത്തോളാന്‍ പറഞ്ഞു. സ്കൂള്‍ ബാഗും കഥ പുസ്തകങ്ങളും ചായ പെന്‍സിലുകളും എടുത്ത് ഞാനും നടന്നു സന്തോഷത്തോടെ...പുതിയ വീടല്ലേ , സംസാരിക്കുമ്പോള്‍ ശബ്ദം   പ്രതിധ്വനിക്കും, അവിടെ ചെന്ന് നിന്ന് ഉച്ചത്തില്‍ പാട്ട് പാടും,ഒരാവശ്യവുമില്ലാതെ  ഓരോന്ന്  വിളിച്ചു പറയും, എന്‍റെ സന്തോഷത്തിനു അതിരില്ലായിരുന്നു.

 പക്ഷെ അപ്പുറത്ത്,  ഞങ്ങളുടെ ഒച്ചയനക്കങ്ങളും സംസാരങ്ങളും   കാതോര്‍ത്തിട്ടെന്ന  പോലെ   നിശബ്ദമായ് അനാഥമായ് വര്‍ഷങ്ങളോളം ഞങ്ങളുടെ തലമുറകളെ സംരക്ഷിച്ച ആ പഴയ തറവാട്.  ചുറ്റും നിന്ന മരങ്ങളും ചെടികളും മെല്ലെ  വീശി കൊടുത്തുകൊണ്ട് നിന്നു,  സാന്ത്വനിപ്പിക്കുന്ന പോലെ.   തുറന്നു  കിടന്ന  അതിന്‍റെ മുകളിലെ നിലയിലെ ജനവാതിലുകള്‍  പലതും കാറ്റില്‍ കീ കീ ശബ്ദമുണ്ടാക്കി  പതിയെ അടഞ്ഞു തുറന്ന് സ്വന്തം വാര്‍ദ്ധക്യത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു, ഞങ്ങള്‍ അതിനെ ഉപേക്ഷിക്കാനുള്ള കാരണം അതിനറിയാം എന്ന പോലെ....

പുതിയ വീട്ടില്‍ താമസമാക്കിയ ശേഷമുള്ള ഒരു രാത്രിയില്‍, ഉമ്മറത്തിരുന്ന് , വെട്ടവും വെളിച്ചവുമില്ലാത്ത ആ പഴയ വീടിനെ നോക്കിയപ്പോഴാണ്  എന്‍റെ ഉള്ളില്‍ ആദ്യമായി നൊമ്പരമുണ്ടാവുനത്. അന്നോളം ഐശ്വര്യത്തിന്‍റെ  അന്തിത്തിരി തെളിഞ്ഞിരുന്ന ആ ഉമ്മറക്കോലായില്‍ , നിലാ വെളിച്ചത്തില്‍  രതിനൃത്തമാടുന്ന  ചെടിതലപ്പുകളുടെ നിഴലുകള്‍ അധികാരം കയ്യാളുന്നത് കണ്ടു, എന്നില്‍ ആദ്യമായി അന്യത ബോധം ജനിക്കുന്നതും അന്ന് തന്നെ ആവണം.

പിറ്റെന്ന്‍ രാവിലെ  ഞാന്‍ പഴയ വീട്ടിലേക്ക് ചെന്നു, പുതിയ വീട്ടില്‍ കയറിയതില്‍ പിന്നെ ഒരാഴ്ചയോളം ഞാന്‍ അങ്ങോട്ട് നോക്കിയിട്ടേ ഇല്ലായിരുന്നു. വേറെ എങ്ങോട്ടും എനിക്ക് പോവാന്‍ തോന്നിയില്ല, ടാപ്പ് ടാപ്പ് ശബ്ദം ഉണ്ടാക്കി കോണി പടികള്‍ കയറി നേരെ മുകളിലേക്ക് തന്നെ പോയി, തുറന്നു കിടന്ന ജനാലയുടെ  മരത്തിന്‍റെ തടിച്ച അഴികള്‍ പിടിച്ചു  മുന്‍പത്തെ   പോലെ അങ്ങനെ  നിന്നു, കണ്ണുകളടച്ച്...!!  ആത്തച്ചക്ക കൊത്തി തിന്നുന്ന കിളികളെ കണ്ടില്ല, മൂവാണ്ടന്‍ മാവിലെ കാക്കളെയും കണ്ടില്ല, കവുങ്ങിന്‍ തോപ്പിലെ കാറ്റും വന്നില്ല, എന്‍റെ വീടും ഞാനും മാത്രം...


പിറ്റേന്ന് സ്കൂളില്‍ പോകുമ്പോള്‍, ആരൊക്കെയോ വീടിന്‍റെ മുകളില്‍ കയറി  ഓടുകള്‍ ഇറക്കുന്ന കണ്ടു, എന്തൊക്കെയോ സംശയങ്ങള്‍ ഉള്ളില്‍ ജനിച്ചു, കണക്കുക്കൂട്ടലുകളും ചോദ്യങ്ങളും ഊഹങ്ങളുമായി  ആ ദിവസം മുഴുവന്‍ ക്ലാസ്സില്‍ കഴിച്ചു കൂട്ടി. തിരിച്ച് വീട്ടില്‍ എത്തിയപ്പോഴേക്കും വീടിന്‍റെ തട്ട് മരങ്ങള്‍ എല്ലാം അടുക്കി വച്ചിരുന്നു, ഓടുകള്‍ ഒതുക്കി വച്ചിരുന്നു, അപ്പോഴും തലയുയര്‍ത്തി നിന്ന ചുവരുകളില്‍ പണിക്കാര്‍ ബലപരീക്ഷണം തുടങ്ങി കഴിഞ്ഞിരുന്നു.

അങ്ങനെ ആ കഥ അവിടെ അവസാനിച്ചു, ഓര്‍മ്മകളിലേക്കുള്ള യാത്രയയപ്പ്, എന്‍റെ വീട്, ഞാന്‍ മനസ്സിലാക്കിയ എന്‍റെ ആദ്യത്തെ നഷ്ടം !!!





15 comments:

  1. (y)....superb....
    bhagam vaypu lle....seriousness onnum ariyatha bhalyam.....!!!! :(

    ReplyDelete
  2. "ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...."

    ബാല്യകാല ഓര്‍മ്മകള്‍ തുടരൂ...

    ReplyDelete
  3. ഒരുപാട് സന്തോഷം , ഇതിലൂടെ കടന്നു പോകാന്‍ സമയം കണ്ടെത്തിയതില്‍... ഇനിയും വരണം !!

    ReplyDelete
  4. വീടിനേക്കാള്‍ പ്രകൃതിയെ നഷ്റ്റബോധത്തോടെ നോക്കുന്ന കുഞ്ഞുമനസ്സ് ...

    ReplyDelete
    Replies
    1. നഷ്ടങ്ങള്‍ ആണ് മാഷെ, മരിച്ചാലും മറക്കാത്ത നഷ്ടങ്ങള്‍...

      Delete
  5. super brother... i just feel it......
    ചില നഷ്ട്ടങള്‍ ഒരു ജന്മം മുഴുവന്‍ നമ്മെ നൊംബരപെടുത്തും.....

    ReplyDelete
  6. ബാല്യമാണെങ്ങും..വീടിലും തൊടിയിലും..ഓർമ്മകളിലും..!

    ReplyDelete
    Replies
    1. ഈയുള്ളവന്‍റെ അകത്തും പുറത്തും ചിന്തകളിലും...

      Delete
  7. ഓര്‍മ്മകള്‍ എല്ലാം നഷ്ടങ്ങളാണ്

    ReplyDelete
  8. എന്റെ വീടും ഇന്നൊരു നഷ്ട പട്ടികയില്‍ .... :(

    ReplyDelete
  9. സ്വന്തം വീടിനെ ഓര്‍ത്തുപോകും ആരും, ഇത് വായിച്ചാല്‍. ഇപ്പോഴും ഉണ്ടെങ്കിലും വര്‍ഷങ്ങളായി ഞാനാ വീട് കണ്ടിട്ട്. ആല്പ്പാര്‍പ്പില്ലാതെ, ചിതലുകള്‍ക്ക് താവളമായി അതിപ്പോള്‍ പൊടിഞ്ഞുതീര്‍ന്നിട്ടുണ്ടാവും...

    ReplyDelete
  10. നശിച്ചു പോകാന്‍ അനുവദികരുത്.. ശരിക്കും സ്നേഹിക്കുന്നുണ്ട് എങ്കില്‍ പിന്നീട് അത് ഒത്തിരി നോവിക്കും, തിരിച്ചെടുക്കാന്‍ സാധിക്കുകയും ഇല്ല

    ReplyDelete